Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
ശ്ലീഹാക്കാലം അഞ്ചാം ഞായര്‍
Readings: Deuteronomy 1:33-2:1; Isaiah 1:21-31; 1Corinthians 14:1-12; Luke 12:16-34

ഭാര്യയുടെ വിദഗ്‌ദ ചികിത്സക്കായി രാജന്‍ പറന്നിറങ്ങിയത്‌ ദുരന്തത്തിലേക്ക്‌. പേരിയ ആയമ്പാറ സരസ്വതി നിലയത്തിലെ രാജന്റെ ഭാര്യ സ്വപ്‌നയ്‌ക്ക്‌ വെള്ളം കോരുന്നതിനിടെ കിണറ്റില്‍ വീണ്‌ പരിക്കേറ്റിരുന്നു. ഭാര്യയെ നല്ല ഡോക്ടറെ കാണിക്കണമെന്ന ആഗ്രഹത്തോടെയാണ്‌ രാജന്‍ ദുബായില്‍ നിന്നും വിമാനം കയറിയത്‌. രാജനെ സ്വീകരിക്കാന്‍ പിതാവ്‌ കുഞ്ഞമ്പു, ഭാര്യ സ്വപ്‌ന, മകന്‍, സഹോദരി പങ്കജാക്ഷി എന്നവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ആഹ്‌ളാദകരമായ നിമിഷങ്ങള്‍ കാത്തിരുന്നവര്‍ക്ക്‌ കാണാനായത്‌ അഗ്നിനാളങ്ങള്‍ സര്‍വ്വവും കവര്‍ന്നെടുക്കുന്ന ഹൃദയഭേദകമായ കാഴ്‌ചയായിരുന്നു. ഇക്കഴിഞ്ഞ മെയ്‌ 23-ാം തീയതി ഞായറാഴ്‌ച മംഗലാപുരത്തുണ്‌ടായ വിമാനാപകടത്തിന്റെ വാര്‍ത്തയുമായി വന്ന മനോരമ ദിനപ്പത്രത്തിലെ പല ദു:ഖവാര്‍ത്തകളില്‍ ഒന്നാണിത്‌. അതേ പത്രത്തില്‍ വന്ന മറ്റൊരു വാര്‍ത്ത `സര്‍പ്രൈസ്‌ യാത്ര മരണത്തിലേക്ക്‌` എന്ന തലക്കെട്ടോടുകൂടിയാണ്‌. `മുന്‍കൂട്ടി അറിയിക്കാതെ സഹോദരന്റെ വിവാഹ ചടങ്ങിന്‌ വീട്ടില്‍ അപ്രതീക്ഷിത സന്ദര്‍ശനത്തിനൊരുങ്ങിയ നീലേശ്വരം കോട്ടപ്പുറം ആനച്ചാലിലെ മുട്ടത്ത്‌ അജേഷിന്റെ വിമാനയാത്ര അന്ത്യയാത്രയായി`... ഈ ദുരന്തത്തില്‍ മൃതിയടഞ്ഞ 158 പേരില്‍ 50 പേരും കാസര്‍ഗോഡ്‌ ജില്ലക്കാരായിരുന്നു. പൈലറ്റ്‌ പരിചയ സമ്പന്നനായിരുന്നു എന്നും, സിഗ്നലുകളെല്ലാം കൃത്യമായിരുന്നു എന്നുമാണ്‌ നമുക്കറിയാന്‍ കഴിഞ്ഞത്‌. എല്ലാം നന്നായി നടക്കുന്നു എന്നു കണ്‌ട കാസര്‍ഗോഡുകാരില്‍ ആരെങ്കിലുമൊക്കെ കേരളക്കരയെക്കുറിച്ചും കാസര്‍ഗോഡിനെക്കുറിച്ചുമൊക്കെ വീമ്പിളക്കുകയും സ്വപ്‌നം കാണുകയും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്‌തിരിക്കാം. എന്നാല്‍ അവയൊന്നും ഫലമണിഞ്ഞില്ല. അവരില്‍ പലരുടെയും ശരീരങ്ങള്‍ പോലും തിരിച്ചറിയാനാവാത്തവിധം വികൃതമായി എന്ന്‌ നമുക്കറിയാം. അനുദിനം നാം ദൈവത്തെ അഭിമുഖീകരിക്കാന്‍ തയ്യാറായിരിക്കണമെന്ന വലിയ സത്യത്തിലേക്കാണ്‌ ഈ യാഥാര്‍ത്ഥ്യം വിരല്‍ ചൂണ്‌ടുന്നത്‌. ഭൗമീകജീവന്‍ നിലനിര്‍ത്തുന്നതിനും ആസ്വദിക്കുന്നതിനുംവേണ്‌ടി നാം എന്തൊക്കെ ചെയ്‌താലും ദൈവത്തോടൊത്തല്ല നമ്മുടെ ജീവിതം എങ്കില്‍ അത്‌ നിരര്‍ത്ഥകമാണ്‌.
ലോകവസ്‌തുക്കളോടുള്ള ആസക്‌തി വചനശ്രവണത്തിന്‌ തടസ്സമാകുമെന്ന്‌ ഇന്നത്തെ സുവിശേഷം നമ്മെ അനുസ്‌മരിപ്പിക്കുന്നു. വി. ലൂക്കയുടെ സുവിശേഷം 12-ാം അദ്ധ്യായം, കര്‍ത്താവിന്റെ വചനം കേള്‍ക്കാന്‍ തിങ്ങിക്കൂടിയ ആയിരക്കണക്കിന്‌ ആളുകളെക്കുറിച്ച്‌ പറയുന്നുണ്‌ട്‌ (12:1). മനുഷ്യന്‍ വിശ്വാസത്തോടുകൂടി ജീവിക്കേണ്‌ടത്‌ എങ്ങനെയെന്നും, എപ്രകാരം ദൈവാശ്രയബോധം വളര്‍ത്തിയെടുക്കണമെന്നും വചനത്തിന്‌ ഏത്‌ വിധത്തില്‍ സാക്ഷ്യം വഹിക്കണമെന്നും കര്‍ത്താവ്‌ പഠിപ്പിച്ചുകൊണ്‌ടിരിക്കെ ശ്രോതാക്കളിലൊരുവന്‍ കര്‍ത്താവിന്റെ ജനസമിതി തന്റെ സ്വാര്‍ത്ഥലാഭത്തിനുവേണ്‌ടി ഉപയോഗിക്കുവാന്‍ പരിശ്രമിക്കുകയാണ്‌. അവന്‍ വചനം ശ്രവിക്കുന്നില്ല എന്നുമാത്രമല്ല വചനശ്രവണത്തില്‍ നിന്നും മറ്റുള്ളവരെ വ്യതിചലിപ്പിക്കുകയും ചെയ്യുന്നു.
പിതൃസ്വത്ത്‌ പങ്കുവയ്‌ക്കണമെന്ന അവന്റെ ആവശ്യം ഇസ്രായേലിന്റെ വിശ്വാസ ജീവിതവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌. സ്വത്ത്‌ എന്നതുകൊണ്‌ടുദ്ദേശിക്കുന്നത്‌ സാധാരണയായി പിതൃസ്വത്തായി ലഭിക്കുന്ന ഭൂമിയാണ്‌. ഭൂമി ഇസ്രായേല്‍ ജനത്തിന്‌ ദൈവം നല്‍കിയ ദാനമായിരുന്നു. അത്‌ അവരുടെ സ്വാതന്ത്ര്യത്തിന്റെയും ദൈവജനമായുള്ള തിരഞ്ഞെടുപ്പിന്റെയും അടയാളവും അംഗീകാരവുമായിരുന്നു. ദൈവദാനമായ ഭൂമി ആരൂടെയും സ്വന്തമായിരുന്നില്ല. അത്‌ ദൈവഹിതമനുസരിച്ച്‌ പരമ്പരാഗതമായി കൈമാറി കിട്ടേണ്‌ടതും എന്നന്നേക്കുമായി വില്‍ക്കാന്‍ പാടില്ലാത്തതും ആയിരുന്നു. ആഹാമ്പിന്‌ തന്റെ പിതൃസ്വത്തായ മുന്തിരിത്തോട്ടം വില്‍ക്കാന്‍ വിസമ്മതിക്കുന്ന നമ്പോത്തിനെ രാജാക്കന്മാരുടെ പുസ്‌തകത്തില്‍ കാണാന്‍ കഴിയും (1രാജാ 21). പരമ്പരാഗതമായി കിട്ടിയ ഭൂമി സാമ്പത്തിക തകര്‍ച്ചയുടെ പേരില്‍ ഒരുവന്‍ വില്‍ക്കേണ്‌ടി വന്നാല്‍ സമ്പത്തു വര്‍ഷം അത്‌ തിരിച്ചേല്‍പ്പിക്കണമെന്ന്‌ പ്രമാണമുണ്‌ടായിരുന്നു (വാ. 25). ഇപ്രകാരമൊരു ദൈവകല്‌പന ഉണ്‌ടായിക്കെ പിതൃസ്വത്ത്‌ പങ്ക്‌ വയ്‌ക്കുവാനുള്ള സ്രോതാവിന്റെ ആവശ്യം നീതീകരിക്കപ്പെടുന്നതാവാം. എങ്കിലും കര്‍ത്താവ്‌ അവന്റെ അപേക്ഷ ശ്രവിച്ചില്ല എന്നുമാത്രമല്ല ഭോഷനായ ധനികന്റെ ഉപമയിലൂടെയും തുടര്‍ന്ന്‌ വന്ന ഉപദേശത്തിലൂടെയും അവന്റെ ഈശ്വാരാന്വേഷണം തെറ്റാണെന്ന്‌ സ്ഥാപിക്കുകയും ചെയ്‌തു. സ്വാര്‍ത്ഥലാഭത്തിനുവേണ്‌ടി ദേവാലയങ്ങള്‍ സന്ദര്‍ശിക്കുകയും ആത്മീയ ശുശ്രൂഷ ചെയ്യുകയും ചെയ്യുന്ന ചിലരെ ഇന്നും നമുക്ക്‌ കാണാന്‍ കഴിയും.
ആധുനിക തലമുറ ഉപഭോഗ സംസ്‌കാരത്തിന്റെ അടിമയാണ്‌. ഇന്ന്‌ ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന പല പരിപാടികളും ധനസമ്പാദനത്തിനുള്ള വേദികളായി മാറിയിരിക്കുന്നുവെന്ന്‌ നമുക്കറിയാം. അപ്രകാരമുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ ധാരാളം ആളുകളെയും അത്‌ കാണാന്‍ ധാരാളം പ്രേക്ഷകരെയും ലഭിക്കുന്നു എന്നു വാസ്‌തവം. ധന സമ്പാദനത്തിന്‌ മനുഷ്യനെ പ്രോത്സാഹിപ്പിക്കുന്ന മാനുഷിക വികാരത്തിന്റെ ചൂഷണമാണ്‌ നാം ഇന്നിവിടെ കാണുന്നത്‌. ധന സമ്പാദനത്തില്‍ മാത്രം ലക്ഷ്യം വച്ചിരിക്കുന്ന ഒരു സംസ്‌കാരം നാശത്തിലേക്കാണ്‌ വഴിതുറക്കുന്നത്‌. `ധനമോഹമാണ്‌ എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണം. ധനമോഹത്തിലൂടെ പലരും വിശ്വാസത്തില്‍ നിന്ന്‌ വ്യതിചലിച്ച്‌ പോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെത്തന്നെ മുറിപ്പെടുത്താനും ഇടയായിട്ടുണ്‌ട്‌` (1തിമോ 6:10) നമ്മുടെ നാട്ടിലുണ്‌ടായിട്ടുള്ള പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്ന അഴിമതികളുടെയെല്ലാം അടിസ്ഥാനകാരണം ധനമോഹമല്ലേ?
ധനമല്ല ധനത്തോടുള്ള ശരിയായ മനോഭാവം ഉണ്‌ടാകണമെന്നാണ്‌ കര്‍ത്താവ്‌ പഠിപ്പിക്കുന്നത്‌ (ലൂക്കാ 12:15). നാം പണം സമ്പാദിക്കുന്നതിനെയല്ല, പണം നമ്മെ സ്വന്തമാക്കുന്നതിനെയാണ്‌ കര്‍ത്താവ്‌ കുറ്റപ്പെടുത്തിയത്‌. മാത്രമല്ല ധനം സമ്പാദിക്കുന്നതുകൊണ്‌ട്‌ ഒരിക്കലും ധനത്തോടുള്ള ആഗ്രഹം കുറയുന്നില്ലായെന്ന്‌ നമ്മുടെയും ചുറ്റുമുള്ളവരുടെയും ജീവിതാനുഭവം തെളിയിക്കുന്നു. ധനം ആര്‌ജ്ജിക്കുന്നതിനനുസരിച്ച്‌ അതിനോടുള്ള ആസക്തിയും വര്‍ദ്ധിക്കുകയേ ഉള്ളൂ.

പത്തുകിട്ടുകില്‍ നൂറുമതിയെന്നും
ശതമാകില്‍ സഹസ്രം മതിയെന്നും
ആയിരം പണം കയ്യിലുണ്‌ടാകുമ്പോള്‍
ആയുധമാകിലാശ്ചര്യമെന്നതും
ആശയായുള്ള പാശമതികെന്ന്‌
വേറിടാതെ കരേറുന്നു മേല്‍ക്കുമേല്‍

എന്നാണ്‌ മനുഷ്യന്റെ ധനാസക്തിയേ മനസ്സിലാക്കിയ കവി പൂന്താനം പാടുന്നത്‌. സമ്പത്തിനോടുള്ള അടിമത്ത ചിന്തയില്‍ നിന്ന്‌ മനുഷ്യന്‍ മോചിതനാകുന്നത്‌ സമ്പത്തധികമാകുമ്പോഴല്ല മറിച്ച്‌ ആവശ്യങ്ങളുടെ എണ്ണം കുറക്കുകയും ഉള്ളതുകൊണ്‌ട്‌ തൃപ്‌തിപ്പെടാന്‍ പഠിക്കുകയും ചെയ്യുമ്പോഴാണ്‌ (സഭാ 6:9).
സമ്പത്ത്‌ പോലെതന്നെ നമ്മെ ഭൂമിയില്‍ ബന്ധിക്കുകയും ദൈവത്തെ പൂര്‍ണ്ണമായും ആശ്രയിക്കുന്നതില്‍നിന്ന്‌ പിന്തിരിപ്പിക്കുകയും ചെയ്യുന്ന യാഥാര്‍ത്ഥ്യങ്ങളാണ്‌ നമ്മുക്ക്‌ സംരക്ഷണവുമായി പ്രത്യക്ഷപ്പെടുകയും അനുഭവപ്പെടുകയും ചെയ്യുന്ന പല സ്‌നേഹബന്ധങ്ങളും സ്വാധീനവും. ബന്ധങ്ങളില്‍ നിന്നും സൗഹൃദത്തില്‍ നിന്നും നമ്മുക്ക്‌ പൂര്‍ണ്ണമായി വിടുതല്‍ ലഭിക്കില്ല. എന്നാല്‍ ഇവയൊന്നും ദൈവത്തിന്റെ സ്ഥാനം കരസ്ഥമാക്കരുതെന്നര്‍ത്ഥം. ജീവിതത്തിലുള്ളതെല്ലാം ദൈവദാനമാണെന്ന തിരച്ചറിവ്‌ മനുഷ്യന്‌ നഷ്ടപ്പെട്ട്‌കൂടാ.
ഒരിക്കല്‍ ധനികനും ബുദ്ധിമാനും ജീവിതവിജയം കരസ്ഥമാക്കിയവനുമായ ഒരു കൃഷിക്കാരന്‍ രോഗബാധിതനായി. വളരെ അധികം സമ്പത്ത്‌ മുടക്കി മാനുഷികമായി സാധിക്കുന്നതെല്ലാം ചെയ്‌തെങ്കിലും ദൈവത്തോട്‌ വാദിച്ച്‌ ഭൗമീക ജീവിതം നീട്ടിക്കൊണ്‌ട്‌ പോകാനായില്ല. അവന്‍ മരിച്ച്‌ അടിക്കപ്പെട്ടു. കുടുംബക്കല്ലറ പണിതശേഷം അതിലെ മനോഹരമായ മാര്‍ബിള്‍ ഫലകത്തില്‍ അയാളുടെ പേരും ജീവചരിത്രസംക്ഷേപവും എഴുതപ്പെട്ടു. അവസാനം RIP എന്നും. എന്നാല്‍ ആ രാത്രിയില്‍ ശ്‌മശാനം സന്ദര്‍ശിച്ച ദൈവദൂതന്‍ മനോഹരമായ ആ മാര്‍ബിള്‍ ഫലകത്തിന്റെ മുകളിലെ ഒഴിഞ്ഞ ഭാഗത്ത്‌ വലിയ അക്ഷരത്തില്‍ വിഡ്ഡി (fool) എന്നെഴുതിയിട്ട്‌ കടന്നുപോയി. ഭൂമിയില്‍ എത്ര സമ്പന്നനും വലിയവനുമായിരുന്നെങ്കിലും ദൈവസന്നിധിയില്‍ അവനൊരു വിഡ്ഡിമാത്രമായിരുന്നു. പൂന്താനത്തിന്റെ കവിതയിലെ മറ്റൊരുഭാഗം.

രണ്‌ടുനാലുദിനംകൊണ്‌ടൊരുത്തനെ
തണ്‌ടിലേറ്റി നടത്തുന്നതും ഭവാന്‍
മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പ്‌ കേറ്റുന്നതും ഭവാന്‍
കണ്‌ടുകണ്‌ടരിക്കും ജനങ്ങളെ
കണ്‌ടില്ലെന്ന്‌ വയ്‌ക്കുന്നതും ഭവാന്‍.

ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.

Download Sermon 2010

Sermon 2009

അടിസ്ഥാനപരമായി എന്താണ്‌ മനുഷ്യജീവിതം എന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഇന്നത്തെ സുവിശേഷഭാഗം. അത്‌ ദൈവത്തെ നാഥനായി ഏറ്റുപറഞ്ഞുകൊണ്‌ട്‌ സര്‍വ്വവും അവിടുത്തേക്ക്‌ സമര്‍പ്പിക്കുന്നതും സഹോദരനെ അവന്റെ ആവശ്യങ്ങളില്‍ സഹായിക്കുകയും ചെയ്യുന്നതാണെന്ന്‌ ലൂക്കാസുവിശേഷകന്‍ വ്യക്തമാക്കുന്നു. എന്തെങ്കിലുമൊക്കെ കുട്ടിവെയ്‌ക്കുന്നതില്ല സുരക്ഷിതത്വം, മറിച്ച്‌ ഇതൊരു ആന്തരിക അനുഭവമാണ്‌, ഒരു ദൈവദാനമാണ്‌.
ഉപമയുടെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ നമുക്ക്‌ മനസ്സിലാകും, ഈശോമിശിഹ ശിഷ്യരോട്‌ വചനം പങ്കുവെയ്‌ക്കുന്ന അവസരത്തില്‍ ജനക്കുട്ടത്തിനിടയില്‍നിന്നും ഒരുവന്‍ ഇടയ്‌ക്കുകയറി ചോദിക്കുകയാണ്‌ സഹോദരനുമായുളള അവന്റെ സ്വത്ത്‌ തര്‍ക്കത്തിന്‌ ഒരു പരിഹാരമുണ്‌ടാക്കാന്‍. കൂടെപിറപ്പുകല്‍ തമ്മില്‍ പിതൃസ്വത്തിന്റെ പേരിലുളള വഴക്കുകളും രക്തംചിന്തലുകളും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മറിച്ച്‌ തമ്പുരാന്റെ കാലത്തോളമോ അതിനപ്പുറമോ പഴക്കം ഉണ്‌ട്‌ എന്ന്‌ നമുക്ക്‌ മനസ്സിലാക്കാം. ഇസ്രായേല്‍ സമൂഹത്തില്‍ ഇങ്ങനെയുണ്‌ടാകുന്ന വഴക്കുകള്‍ക്ക്‌ തിര്‍പ്പുകല്‍പ്പിച്ചിരുന്നത്‌ പലപ്പോഴും റബ്ബിമാരായിരുന്നു. ഇന്നും ഇടവകയിലെ വികാരിയച്ചന്‍മാരുടെ ഒരു പ്രധാനതൊഴില്‍, ഇടവകയില്‍ ഉണ്‌ടാകുന്ന സ്വത്ത്‌ തര്‍ക്കള്‍ക്ക്‌ പരിഹാരം ഉണ്‌ടാക്കുകയെന്നതാമല്ലോ. മനുഷ്യസ്വഭാവത്തില്‍ കാലങ്ങളേറെ കഴിഞ്ഞിട്ടും ഇന്നും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പൊന്നിനും മണ്ണിനും വേണ്‌ടിയുളള കലഹങ്ങള്‍ ഇന്നും തുടരുന്നുവല്ലോ.
ഉപമയിലെ ധനികനെ ഈശോ വിളിക്കുന്നത്‌ വിഢി എന്നാണ്‌. വിഢിയുടെ പ്രത്യേകത എന്തെന്ന്‌ പഴയനിയമം വ്യക്തമാക്കുന്നുണ്‌ട്‌. ദൈവത്തെ അവിശ്വസിക്കുകയും ദൈവമില്ലെന്ന്‌ പറയുകയും ചെയ്യുന്നവനാണ്‌ വിഢി. ജീവിതത്തില്‍ തനിക്കുണ്‌ടായ സൗഭാഗ്യങ്ങള്‍ക്കിടയിലും യഥാര്‍ത്ഥത്തില്‍ എന്തിനുവേണ്‌ടിയായിരുന്നുവെന്ന്‌ അറിവില്ലാതെപോയ ഈ ധനവാനും ഒരുതരത്തില്‍ അവിശ്വാസിതന്നെ, വിഢിതന്നെ. പൊളിച്ചുപണിയാനും കുന്നുകൂട്ടാനും വെമ്പല്‍കൊണ്‌ട ധനവാന്‍ പക്ഷേ പങ്കുവെയ്‌ക്കലിന്റെ ഒരു സാധ്യത കണ്‌ടില്ല. അല്ലെങ്കില്‍ കണ്‌ടില്ലെന്ന്‌ നടിച്ചു. തനിക്ക്‌ലഭിച്ച ആനുകൂല്യത്തിന്റെ ഒരുഭാഗം തന്റെ അയല്‍ക്കാരനുംകൂടി അവകാശപ്പെട്ടതാണെന്ന സത്യം അയാള്‍ വിസ്‌മരിച്ചു, ഇന്നും വിസ്‌മരിക്കുന്നു. വീണ്‌ടും ദൈവപരിപാലനയെകുറിച്ച്‌ പറയുന്നിടത്ത്‌ തമ്പുരാന്റെ സ്‌നേഹത്തിന്റെ, അവിടുത്തെ കരുതലിന്റെ ധാരാളിത്വം കണ്‌ട്‌ നാം അത്ഭുതപ്പെട്ട്‌ പോകുന്നുണ്‌ട്‌. വെറുമൊരു ലില്ലിപൂവിന്റെയും പക്ഷിയുടെയും ഉദാഹരണങ്ങളിലൂടെ.
ഈശോമിശിഹാ നമ്മുടെ മുന്‍പില്‍ നിരത്തുന്ന ഈ ഉദാഹരണങ്ങളിലും നമ്മുടെ ശ്രദ്ധപതിക്കേണ്‌ടതാണ്‌. 'ലില്ലിപ്പൂവും കാക്കയും' ഒരുപക്ഷേ നമ്മുടെ ഈ ജീവിതകാലത്ത്‌ എന്തുമാത്രം ലില്ലിപ്പുക്കളെ നാം കണ്‌ടിരിക്കുന്നു. എത്ര ലില്ലിപൂക്കളെയും ചെടികളെയും ചവിട്ടിയരച്ച്‌ കടന്നുപോയിരിക്കുന്നു. അതുപോലെതന്നെ എന്നും നാം കാണുന്ന ഒരു പക്ഷിയാണ്‌ കാക്ക. അതിന്റെ കരച്ചില്‍ശബദ്ധം എന്നും നമ്മുടെ കാതുകളില്‍ അലയടിക്കുന്നതാണ്‌. പക്ഷേ ഇതൊന്നും നമ്മുടെ ശ്രദ്ധക്ക്‌ പാത്രമായിട്ടില്ല. എന്നാല്‍ ഇവിടെയാണ്‌ സഹജീവികളോടുളള ഈശോതമ്പുരാന്റെ കരുതലും ശ്രദ്ധയും നാം പരിഗണിക്കേണ്‌ടത്‌. മനുഷ്യന്‌ അവന്റെ അവശ്യത്തിനും അനാവശ്യത്തിനും ആഢംബരത്തിനുമായി തോന്നിയതുപോലെ ചൂഷണം ചെയ്യാനുളളതല്ല അവന്‍ ജീവിക്കുന്നപ്രകൃതിയെന്ന്‌ നാം മനസ്സിലാക്കണം. പോകുന്നവഴി ഒരാവശ്യവുമില്ലാതെ വെറുതെ ഒരു രസത്തിന്‌ നുളളിയെറിയുന്ന കാട്ടുചെടികള്‍ക്കുപോലും ഈ ഭൂമിയില്‍ ജീവിക്കുവാന്‍ അവകാശമുണ്‌ടെന്ന്‌ നാം മറന്നുപോകരുത്‌. മഹത്തായ ഈ പ്രവഞ്ചത്തിന്റെയും വൈവിദ്ധ്യമാര്‍ന്ന ഇതിലെ ജീവജാലങ്ങലുടെയും സ്രഷ്ടാവിന്‌ വെറുമൊരു ലില്ലിപ്പൂവിനെയും കാക്കയെയുമൊക്കെ ഓര്‍ക്കാമെങ്കില്‍, ഈ സൃഷ്ടികളുടെയൊക്കെ ഭൂമിയിലെ കാര്യസ്ഥന്‍മാരായ നാം എന്തുമാത്രം ഇവെയ ഓര്‍ക്കേണ്‌ടതാണ്‌, പരിഗണിക്കേണ്‌ടതാണ്‌. എത്രകിട്ടിയാലും മതിവരാത്ത മനുഷ്യന്റെ ആര്‍ത്തിസംസ്‌കാരത്തിന്റെ തലക്കടിക്കുകയാണ്‌ ഈശോമിശിഹാ. ചിലരെങ്കിലും 'ടോട്ടല്‍ ഫോര്‍ യൂ' വിലൂടെ ടോട്ടല്‍ ഫൂളാക്കപ്പെട്ടതും, ഒഹരിസൂചിക അനുദിനം താഴേക്ക്‌ നിപതിക്കുന്നതും ആഗോളതലത്തില്‍ തന്നെ ബാധിച്ച സാമ്പത്തിക മാന്ദ്യവുമെല്ലാം ഈ ആര്‍ത്തി സംസ്‌കാരത്തിന്റെ മറുപുറം മാത്രമാണ്‌.
സ്വകാര്യസ്വത്ത്‌ കൈവശം വയ്‌ക്കരുതെന്നോ അധ്വാനിക്കെരുതെന്നോ, സമ്പാദിക്കെരുതെന്നോ, വ്യവസായങ്ങള്‍ തുടങ്ങെരുതെന്നോ അല്ല തമ്പുരാന്‍ ആവശ്യപ്പെടുന്നത്‌. മറിച്ച്‌ ദൈവം സ്‌നേഹമുളള പിതാവാണെന്നും ആ സ്‌നേഹപിതാവിന്റെ കരങ്ങളില്‍ തങ്ങള്‍ സുരക്ഷിതരാണെന്നുമുളള ബോധ്യം ഇല്ലാതെ, ഭാവിയെകുറിച്ച്‌ ആനാവിശ്യമായ ഉത്‌കണ്ഡപുലര്‍ത്തുന്നതിനെയാണ്‌ തമ്പുരാന്‍ ചോദ്യം ചെയ്യുന്നത്‌. ദൈവീകപുണ്യമായ വിശ്വാസത്തിനെതിരെയുളള പാപമായി ഇത്‌ പരിണമിക്കുന്നു. ആദ്യം അവിടുത്തെ രാജ്യമന്വേഷിക്കുവിന്‍ എന്നാണ്‌ ഈശോ നമ്മോടാവശ്യപ്പെടുന്നത്‌. പലപ്പോഴും നമ്മുടെ അന്വേഷണം നമ്മുടെ സ്വന്തം രാജ്യം മാത്രമായി ചുരുങ്ങുന്നു. ആ രാജ്യത്തില്‍ മഹരാജാവായി ഞാനുണ്‌ട്‌, എന്റെ ഭാര്യയുണ്‌ട്‌, മക്കളുണ്‌ട്‌. ഇവരുടെ സുരക്ഷിതത്വം മാത്രമാണ്‌ എന്റെ ലക്ഷ്യം. മറ്റുബന്ധുക്കള്‍ക്കോ, അയല്‍ക്കാര്‍ക്കോ, നാട്ടുകാര്‍ക്കോ, ദൈവത്തിനുപോലുമോ ഈ രാജ്യത്തില്‍ ഒരു സ്ഥാനവുമില്ല. ഇവിടെ ഞാന്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ വികസിപ്പിക്കേണ്‌ടിയിരിക്കുന്നു. സിംഹാസനത്തിലിരിക്കുന്നത്‌ ദൈവമാകട്ടെ. എന്റെ ബന്ധുക്കളും സുഹൃത്തുക്കളും അയല്‍വാസികളും, നാട്ടുകാരും ശത്രുക്കള്‍പോലും ഈ രാജ്യത്തിലെ പ്രജകളാകട്ടെ! അവരുടെ സന്തോഷം എന്റെ സന്തോഷമായി മാറട്ടെ! അവരുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും എന്‍േതുമായി മാറട്ടെ! അങ്ങനെയെങ്കില്‍, കളളന്‍മാര്‍ക്ക്‌ ലഭിക്കാത്തതും ചിതലിന്‌ നശിപ്പിക്കാനുമാകാത്ത നിക്ഷേപം സ്വര്‍ഗ്ഗത്തില്‍ സംഭരിച്ചുവെയ്‌ക്കുവാന്‍ നമുക്കാകും. ഈ ഒരു മനോഭാവം സ്വന്തമാക്കുവാനായി നമുക്ക്‌ പരിശ്രമിക്കാം, അതിനായി ഈ ബലിയില്‍ പ്രത്യേകമായി പ്രാര്‍ത്ഥിക്കാം.

റവ.മാത്യൂ ആനകുത്തിയില്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.

Download

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home