Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
പള്ളിക്കൂദാശക്കാലം ഒന്നാം ഞായര്‍
Readings: Exodus 40:17-38; Isaiah 6:1-13; 1Corinthians 12:28-13:13; Matthew 16:13-19

പള്ളിക്കൂദാശ ഒന്നാം ഞായര്‍

ലൂക്ക 16/13-20: പത്രോസിന്റെ വിശ്വാസ പ്രഖ്യാപനം

ഒരു അടിസ്ഥാനപരമായ ചോദ്യമാണിത്‌. താന്‍ ആരാണ്‌ എന്നത്‌? ഇവിടെ ഇതേ ചോദ്യം ഈശോയും ആവര്‍ത്തിക്കുന്നു. ഞാന്‍ ആരാണെന്നാണ്‌ നിങ്ങള്‍ പറയുന്നത്‌... മനുഷ്യനില്‍ നിന്ന്‌ വ്യത്യസ്‌തനായ ദൈവപുത്രന്‌ പക്ഷെ താന്‍ ആരാണെന്ന്‌ വ്യക്തമായി അറിയാമായിരുന്നു... പക്ഷെ മനുഷ്യന്‍ ഇന്നും താനാരാണെന്ന്‌ തിരയുകയാണ്‌.

മഞ്ഞുറഞ്ഞു നില്‍ക്കുന്ന ഒരു സന്ധ്യാവേള. അഞ്ചു വയസ്സുള്ള ഒരു പിഞ്ചു ബാലന്‍ കടത്തിണ്ണയില്‍ കിടന്ന്‌ തണുത്തു വിറയ്‌ക്കുകയാണ്‌. ശരീരം മരച്ചു വരുന്നു. ഇടയ്‌ക്ക്‌ വിണ്‌ടുപൊട്ടുന്നുണ്‌ട്‌. അപ്പോഴാണ്‌ ആ വഴിയിലൂടെ ഒരു സ്‌ത്രീ കടന്നു വന്നത്‌. ആ അനാഥബാലനെ കണ്‌ടപ്പോള്‍ അവളുടെ മനസ്സലിഞ്ഞൂ. അവളവനെ താങ്ങിയെടുത്ത്‌ കടയില്‍ കൊണ്‌ടുപോയി ചൂടുള്ള വസ്‌ത്രങ്ങള്‍ വാങ്ങി (അവനെ) ധരിപ്പിച്ചു. ഒരു റസ്റ്റോറന്റില്‍ പോയി ഭക്ഷണം വാങ്ങിക്കൊടുത്തു. അവനെ നെഞ്ചോടു ചേര്‍ത്തു പറഞ്ഞു 'കുഞ്ഞേ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ'. ഉടനെ ബാലന്‍ ആ സ്‌ത്രീയോടു ചോദിച്ചു. അമ്മേ ദൈവം അമ്മയെപ്പോലെയാണോ ഇരിക്കുന്നത്‌... ഇതുപോലെ പല മനുഷ്യരും തിരയുകയാണ്‌ ദൈവം എങ്ങനെ ഇരിക്കും? ഇന്നിതാ ദൈവം തന്നെ മനുഷ്യനോട്‌ ആ ചോദ്യം ചോദിക്കുന്നു. ഞാന്‍ ആരാണ്‌? ഇതിനുള്ള ഉത്തരമാകട്ടെ നമ്മുടെ ജീവിതം... ശിഷ്യ പ്രമുഖനായ പത്രോസ്‌ ഉത്തരം നല്‍കി. നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്‌തുവാണ്‌.

കേസറിയാ ഫിലിപ്പി: ബെത്‌സായ്‌ദായ്‌ക്ക്‌ ഏകദേശം 25 മൈല്‍ വടക്കോട്ട്‌ യേശു ശിഷ്യന്‍മാരെ കൂട്ടിക്കൊണ്‌ടുപോയി. ഇത്‌ ഹെറോദേസ്‌ ഫിലിപ്പിന്റെ വാസസ്ഥലവും ഇത്തുറിയാ പ്രദേശത്ത്‌ പെടുന്ന സ്ഥലവുമാണ്‌. ഇതിന്റെ തലസ്ഥാനം ജോര്‍ദാന്‍ നദിയുടെ ഉറവിടത്തിനരികിലുള്ള ഹെര്‍മ്മാന്‍ മലയുടെ ചെരിവിലാണ്‌. സീസറിന്റെ ബഹുമാനാര്‍ത്ഥം നാമകരണം ചെയ്യപ്പെട്ടു. ദൈവശാസ്‌ത്രപരമായി വളരെ പ്രാധാന്യം ഈ സ്ഥലത്തിനുണ്‌ട്‌ കാരണം യേശുവിന്റെ ദൈവികത ആദ്യമായി തിരിച്ചറിയപ്പെടുന്നത്‌, സീസര്‍ ദൈവമാണെന്ന്‌ കരുതി ആരാധിക്കപ്പെടുന്ന സ്ഥലത്തുവച്ചാണ്‌.

ഞാന്‍ ആരാണെന്ന്‌ ജനങ്ങള്‍ക്കറിയുന്നത്‌: വ്യക്തിപരമായ ചോദ്യത്തിനു വേണ്‌ടി ശിഷ്യന്‍മാരെ ഒരുക്കാന്‍ ആണ്‌ ഈശോ ഈ ചോദ്യം ചോദിക്കുന്നത്‌. ആളുകള്‍ എന്നതുകൊണ്‌ട്‌ വെളിപാടുകള്‍ ആരില്‍ നിന്നാണോ മറിയ്‌ക്കപ്പെട്ടത,്‌ അവരെ ഉദ്ദേശിച്ചാണ്‌.

മുന്ന്‌ തരത്തിലുള്ള ഉത്തരങ്ങളാണ്‌ അഥവാ കാഴ്‌‌ചപ്പാടുകളാണ്‌ ജനം രേഖപ്പെടുത്തുന്നത്‌ - സ്‌നാപക യോഹന്നാന്‍, ഏലിയാ, പ്രവാചകന്‍മാരില്‍ ഒരുവന്‍. സ്‌നാപകനും ഏലിയായ്‌ക്കും യുഗോന്യോന്മുഖ പ്രാധാന്യമാണുള്ളത്‌. ഏലിയാ പുനരവതരിക്കുമെന്നൊരു ചിന്താഗതി യഹൂദരുടെ ഇടയില്‍ പ്രബലമായിരുന്നു (മലാക്കി 3:1). പ്രവാചകന്‍മാരില്‍ ഒരുവന്‍ എന്നതുകൊണ്‌ട്‌ മോശയെപ്പോലെയുള്ള ഒരു പ്രവാചകന്‍ എന്ന അര്‍ത്ഥമായിരിക്കാം. ഈ മൂന്നു അഭിപ്രായങ്ങളും ഈശോയെ വെറും മനുഷ്യനായിട്ടാണ്‌ കാണുന്നത്‌. യേശു ദൈവപുത്രനാണെന്ന്‌ ദര്‍ശിക്കുന്നതില്‍ ജനം പരാജയപ്പെട്ടു. എന്നിരുന്നാലും ജനക്കൂട്ടത്തിന്റെ മറുപടിയില്‍ നിന്ന്‌ യേശുവിനെ ദൈവത്തിന്റെ വളരെ ഉത്തമനായ ഒരു സന്ദേശവാഹകനായി കണക്കാക്കിയിരിക്കുന്നുവെന്ന്‌ വ്യക്തം.
ഞാന്‍ ആരാണെന്നാണ്‌ നിങ്ങള്‍ പറയുന്നത്‌? യേശുവിന്റെ ആദ്യ ചോദ്യങ്ങള്‍ 29-ാം വാക്യത്തിലെ ചോദ്യത്തിന്‌ ഒരു ആമുഖം മാത്രമാണ്‌. അന്ധരും ബധിരരും അറിവില്ലാത്തവരുമായ ശിഷ്യന്‍മാര്‍ക്ക്‌ (മാര്‍ക്കോ 8:17-21) യേശുവിന്റെ വ്യക്തിത്വത്തെക്കുറിച്ച്‌ ശരിയായ ഉള്‍ക്കാഴ്‌ച ലഭിച്ചു തുടങ്ങുകയാണ്‌. തെറ്റായ പൊതുജനാഭിപ്രായത്തില്‍ നിന്ന്‌ ഭിന്നമായി ശിഷ്യന്‍മാര്‍ യേശുവിനെ കാണാന്‍ തുടങ്ങി. ശിഷ്യന്‍മാരുടെയെല്ലാം വക്താവായ പത്രോസ്‌ വിശ്വാസപൂര്‍വ്വം അത്‌ ഏറ്റു പറയുന്നു. നീ ക്രിസ്‌തുവാണ്‌. പത്രോസിന്റെ ഏറ്റുപറച്ചിലിന്‌ വായനക്കാര്‍ പ്രതീക്ഷിക്കുന്നത്‌ ഒരു അഭിനന്ദനമാണ്‌. കാരണം അവര്‍ ജനക്കൂട്ടത്തേക്കാള്‍ മെച്ചമാണെന്ന്‌ തെളിയിച്ചു. പക്ഷെ ആരോടും ഇത്‌ പറയരുതെന്ന്‌ ഈശോ വിലക്കുന്നു. കാരണം മിശിഹായെക്കുറിച്ച്‌ വ്യാജമായി വ്യാഖ്യാനങ്ങള്‍ ഉണ്‌ടാകരുതെന്ന്‌ യേശു ആഗ്രഹിച്ചു.

'God Instinct' എന്ന ഗ്രന്ഥത്തില്‍ ടോം സ്‌റ്റെല്ല പറയുകയാണ്‌ നൈസര്‍ഗ്ഗികമായി എല്ലാ മനുഷ്യരിലും തന്നെ ദൈവത്തെപ്പറ്റി ഒരു ചിന്തയുണ്‌ടാകും. ദൈവത്തെപ്പറ്റി ഒരു ആശയവും ഇല്ലാത്തവരില്ല. നിരീശ്വരരെന്ന്‌ കരുതുന്നവരിലും ഉണ്‌ടാകും ദൈവസങ്കല്‌പങ്ങള്‍... ദൈവം മരിച്ചു എന്ന്‌ വീമ്പിളക്കി - 'God is dead' എന്ന തത്വചിന്തയാല്‍ ലോകത്തെ ഞെട്ടിച്ച ഫെഡ്രിക്ക്‌ നീഷേപോലും മരണസമയത്ത്‌ ദൈവനാമം ഉച്ചരിച്ചാണത്രേ മരിച്ചത്‌.

ദൈവങ്ങളെക്കുറിച്ച്‌ വിഭിന്നങ്ങളായ ഭാവനകളാണ്‌ ഓരോ ജനപദത്തിനുമുള്ളത്‌. ഈസ്റ്റാഫ്രിക്കന്‍ സങ്കല്‌പമനുസരിച്ച്‌ ദൈവങ്ങള്‍ എന്തിനും മടിക്കാത്തവരാണ്‌. ബലിയര്‍പ്പിച്ചും മറ്റും അവരെ നിരന്തരം പ്രീതിപ്പെടുത്തിയില്ലെങ്കില്‍ അവര്‍ കോപിക്കും. സര്‍പ്പങ്ങളായിട്ടും ഇടിയായിട്ടും കടന്നുവരും. ദുരന്തരങ്ങള്‍ വിതയ്‌ക്കാനും അനര്‍ത്ഥങ്ങള്‍ വരുത്താനും മടിയ്‌ക്കുകയില്ല. വലിയ വാളുകളും കുന്തങ്ങളും ഇരുമ്പായുധങ്ങളും കൈവശമുള്ളവരാണ്‌ ദൈവങ്ങളെന്ന്‌ അസ്സീറിയക്കാര്‍ വിശ്വസിച്ചിരുന്നു. അവര്‍ വലിയ യുദ്ധവീരന്‍മാര്‍ ആയിരുന്നതാണിതിനു കാരണം. നമ്മുക്കു തിരിച്ചുവരാം, ടോം സ്‌റ്റെല്ല ചോദിക്കുകയാണ്‌ ഇനി നമ്മുക്കോരുത്തര്‍ക്കും ദൈവത്തെക്കുറിച്ചുള്ള ആശയമെന്താണ്‌?

മനുഷ്യന്റെ വേദലകളിലും ദു:ഖങ്ങളിലും യാതൊരു പ്രതികാരണവുമില്ലാതെ അകലങ്ങളില്‍ക്കഴിയുന്ന അദൃശ്യ ശക്തി. `വിണ്ണിലിരുന്ന്‌ ഉറങ്ങുന്ന ദൈവം` അങ്ങനെയാണോ എനിക്കു ദൈവത്തെക്കുറിച്ചുള്ള ചിന്ത?

തന്റെ നാഥനെ വിതയ്‌ക്കാത്തിടത്തു കൊയ്യുന്ന, വിതറാത്തിടത്തു ശേഖരിക്കുന്ന കരുണയുളളവനായി ഒരു മനുഷ്യന്‍ മനസ്സിലാക്കുന്നില്ലേ (മത്താ 25:24)? എന്തുകൊണ്‌ടാണ്‌ അയാള്‍ക്കു മാത്രം അങ്ങനെ തോന്നാന്‍ ഇടയായത്‌? തന്റെ നാഥന്റെ ഔദാര്യം. ഈ യഥാര്‍ത്ഥ ചിത്രം കാണാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. അതുകൊണ്‌ടാണ്‌ അയാള്‍ ഒരു കുഴിയുണ്‌ടാക്കി അതില്‍ തനിക്കു കിട്ടിയ ദ്രവ്യം മറച്ചുവച്ചത്‌. ആ കുഴിയില്‍ അയാള്‍തന്നെ വീണു. അയാള്‍ ശിക്ഷിക്കപ്പെടുന്നു. അതേസമയം നാഥന്റെ നന്മയും ഔദാര്യവും മനസ്സിലാക്കിയവര്‍ സമ്മാനിതരായി... അതിനാല്‍ നമ്മുടെ ഉത്തരം ഇതാകട്ടെ: ദൈവം സ്‌നേഹമാണ്‌. ഫുള്‍ട്ടന്‍ ഷീന്‍ പിതാവു പറയുന്നതുപോലെ സ്‌നേഹമെന്തെന്നു നാം മനസ്സിലാക്കുന്നതിനു മുന്‍പു തന്നെ ദൈവം നമ്മെ അളവുകളില്ലാതെ സ്‌നേഹിച്ചു.

അവസാനമായി, തെറ്റുകളും അസ്ഥിരതയുമൊക്കെ ഉണ്‌ടെങ്കിലും വിശ്വാസം ഏറ്റു പറയാനുള്ള പത്രോസിന്റെ ധൈര്യം അനുകരണിയമാണ്‌ - നമുക്കെതിരെ അണിനിരക്കുന്നവര്‍ക്കു മുന്‍പില്‍ ഈ വിശ്വാസം നാം ഏറ്റുപറയണം. ഇന്ന്‌ എന്നോടുള്ള ചോദ്യം യേശു അരെന്നാണ്‌ എന്നതല്ല, മറിച്ച്‌ 'എനിക്ക്‌ യേശു അരെന്നാണ്‌'. വാക്കുകൊണ്‌ട്‌ എന്നതിനെക്കാള്‍ ജീവിതവും പ്രവൃത്തിയും വഴിയാണ്‌ നാം ഈ ചോദ്യത്തിന്‌ ഉത്തരം നല്‍കേണ്‌ടത്‌.

Dn മാത്യു ചാക്യാരത്ത്‌
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌


പ്രിയ കൂട്ടുകാരേ,

മെലിഞ്ഞ്‌ എല്ലും തോലും മാത്രമുള്ള ഒരാണ്‍കുട്ടി. അപ്പന്‍ തീര്‍ത്തും മദ്യപാനി. താമസം ചെറ്റക്കുടിലില്‍, നാടോടിയെപ്പോലെ വൃത്തിയില്ലാതെയുള്ള വീടുമാറ്റം, സാധനങ്ങളും കെട്ടിച്ചുമന്നുകൊണ്‌ട്‌ അമ്മ വിടപറഞ്ഞു. അപ്പന്‌ അപ്പന്റെ കാര്യം. കുടിക്കാന്‍ തന്നെ തികഞ്ഞിരുന്നില്ല ഒന്നും. പട്ടിണി. പട്ടിണിയില്‍നിന്നും രക്ഷനേടാന്‍ ചെറുപ്പത്തിലേ കൂലിപ്പണി. അവിടെയും കുടിയന്റെ മകന്‍ എന്ന വിളിപ്പേര്‌. അവസാനം കാട്ടിലേക്ക്‌. മരം വെട്ടി വിറകാക്കി ചന്തയില്‍ വിറ്റ്‌ ഉപജീവനം നടത്തുന്നു. അതിനിടെ അവന്‍ താനാരാണെന്നും തന്നെ നയിക്കുന്നത്‌ ആരാണെന്നും അറിഞ്ഞു. ഫലമോ സമൂലമായ മാറ്റം. എന്നും രാവിലെ കക്ഷത്തില്‍ പുസ്‌തകവുമായി അവന്‍ കാടുകയറും. പുസ്‌തകം മേടിച്ചതും വിറക്‌ വിറ്റാണ്‌. ഏറ്റവും വലിയ മരം അവന്‍ മുറിച്ച്‌ വിറകാക്കും. മടുക്കുമ്പോള്‍ പുസ്‌തകം അവന്‍ ഭക്ഷണമാക്കും. ക്ഷീണം മാറുമ്പോള്‍ വീണ്‌ടും അദ്ധ്വാനം. വിറക്‌ ചന്തയില്‍ കൊടുത്ത്‌ ആവശ്യത്തിനുള്ള വസ്‌തുക്കളും വാങ്ങി വീട്ടിലേക്ക്‌...

അവന്‍ പിന്നീട്‌ വക്കീല്‍ പരീക്ഷയെഴുതി വിജയിച്ചു. കോടതിയില്‍ പല കേസും തോറ്റു. എന്നാല്‍ പിന്നീട്‌ വിജയം അദ്ദേഹത്തിന്റേതായിരുന്നു. 52-ാം വയസ്സില്‍ അമേരിക്കയുടെ പ്രസിഡണ്‌ടായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്‌ ലോകചരിത്രം അടിമത്ത വ്യവസ്ഥ നിറുത്തലാക്കിയ മഹാന്‍ എന്ന നിലയില്‍ ഇന്നും അദ്ദേഹത്തെ ആദരിക്കുന്നു. അതു മറ്റാരുമല്ല അബ്രഹാം ലിങ്കണ്‍ തന്നെയാണ്‌.

ഇന്നത്തെ സുവിശേഷത്തില്‍ ഞാന്‍ ആരാണെന്ന്‌ ഈശോ ചോദിക്കുമ്പോള്‍. അതിന്‌ രണ്‌ട്‌ തരത്തില്‍ നമ്മെ സ്വാധീനിക്കാന്‍ കഴിയണം. ഒന്നാമത്തെ തലത്തില്‍ ഈശോ എന്റെ ദൈവമാണെന്ന്‌ ഏറ്റുപറയാന്‍ കഴിഞ്ഞാല്‍ പിന്നീട്‌ ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത പ്രതിസന്ധികളെ കീഴടക്കി മുന്നോട്ട്‌ ഉറച്ച പാറയായി നമുക്കു മുന്നോട്ട്‌ പോകാന്‍ സാധിക്കും. എബ്രഹാം ലിങ്കനെപോലെ തന്നെ നയിക്കുന്നത്‌ ദൈവമാണെന്നും തനിയ്‌ക്കൊരു നിയോഗമുണ്‌ടെന്നും തിരിച്ചറിയുമ്പോള്‍ നമ്മുടെ ജീവിതവും അര്‍ത്ഥപൂര്‍ണ്ണവും അത്‌ നല്ല ജീവിതത്തിന്‌ അടിസ്ഥാനവുമായി മാറുന്നു. പത്രോസിനെപ്പോലെ ഈശോയ്‌ക്കും സഭയ്‌ക്കും താങ്ങായി നില്‍ക്കുന്ന മനുഷ്യവംശത്തെ സ്വാധീനിച്ച്‌ ദൈവത്തിങ്കലേക്ക്‌ ആകര്‍ഷിക്കുന്ന നല്ല മക്കളായി വളരാന്‍ കഴിയുന്നതിനായി നമുക്കും ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യാം.

ബ്ര. ജെയ്‌സണ്‍ കള്ളിയാട്ട്‌.
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌

 

Download Sermon 2010

Sermon 2009
രക്ഷാകരചരിത്രത്തിന്റെ പൂര്‍ത്തീകരണം സംഭവിക്കുന്നത്‌ മിശിഹായിലാണ്‌. മിശിഹാരഹസ്യത്തിന്റെ പുനരവതരണം സംഭവിക്കുന്നത്‌ സഭാരഹസ്യത്തിലാണ്‌. ശിഷ്യന്‍മാരെ മിശിഹാ ഏല്‌പിച്ച ദൗത്യം അവിരാമമായി സഭയിലൂടെ തുടരുന്നു. ഭാവനാവിലാസങ്ങളില്‍ നിന്നോ, സാങ്കല്‌പിക കഥകളില്‍ നിന്നോ, ഏച്ചുകെട്ടിയ പഴഞ്ചൊല്ലില്‍ നിന്നോ ഉരുത്തിരിഞ്ഞ യാഥാര്‍ത്ഥ്യമല്ല പരിശുദ്ധ കത്തോലിക്കാ സഭ. സഭ മിശിഹായില്‍ അധിഷ്‌ഠിതവും, അപ്പസ്‌തോലന്‍മാരാല്‍ പണിതുയര്‍ത്തപ്പെട്ടതുമാണ്‌. 'സഭയെ' മിശിഹാ കൂദാശ ചെയ്‌ത്‌ വിശുദ്ധീകരിക്കുന്ന പള്ളിക്കൂദാശ കാലത്തിലേയ്‌ക്ക്‌ നാം കടന്നു വന്നിരിക്കുന്നു. ഈ കാലഘട്ടം നമ്മുടെ വിശ്വാസത്തിന്റെ മഹനീയതെക്കുറിച്ച്‌ ഓര്‍ക്കാനും, നാം "ഏറ്റുപറഞ്ഞ വിശ്വാസത്തിന്റെ ശക്തിയെക്കുറിച്ച്‌ അഭിമാനിക്കാനും പ്രേരണ നല്‍കുന്നു".

വിശ്വാസം ദൈവീക ദാനമാണ്‌. പിതാവ്‌ വെളിപ്പെടുത്തുന്നവര്‍ക്ക്‌ മാത്രം ലഭിക്കുന്ന കൃപയുടെ രഹസ്യം. കൃപയുടെ നീര്‍ച്ചാലുകള്‍ നമ്മുടെ ജീവതത്തിലേയ്‌ക്ക്‌ ഒഴുകണമെങ്കില്‍ വിശ്വാസം കൂടിയേ തീരൂ. നാം വായിച്ചു കേട്ട സുവിശേഷഭാഗം നമ്മെ പ്രേരിപ്പിക്കുന്നത്‌ ജീവിതം കൊണ്‌ട്‌ ഒരു വിശ്വാസപ്രഖ്യാപനം നടത്താനാണ്‌. ജീവിതം വിശ്വാസത്തിന്റെ ആഘോഷമാക്കി മാറ്റാനാണ്‌. കേസറിയാ ഫിലിപ്പി വിശ്വാസപ്രഖ്യാപന വേദിയാവുകയാണ്‌. കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയാനും, ഫരിസേയരുടെയും സദുക്കായരുടേയും പ്രബോധനങ്ങളാകുന്ന പുളിമാവിനെ സൂക്ഷിച്ചുകൊള്ളാന്‍ പറഞ്ഞ ദിവ്യനാഥന്‍ 'ഞാന്‍ ആരാണ്‌ ' എന്ന ചോദ്യം തന്റെ ശിഷ്യന്‍മാരുടെ നേര്‍ക്ക്‌ ഉതിര്‍ക്കുന്നു. ഉത്തരങ്ങള്‍ വിവിധങ്ങളായിരുന്നു. കൊച്ചുകുട്ടികള്‍ ഉത്തരം പറയുന്നതുപോലെ പലരേയും ചൂണ്‌ടിക്കാട്ടി "അതുപോലെ, അതുപോലിരിക്കുന്നു" എന്നുപറയുന്നു. ശിഷ്യന്‍മാരുടെ ഉത്തരത്തില്‍ വിരിഞ്ഞുനിന്ന കഥാപാത്രങ്ങളെല്ലാം യഥാര്‍ത്ഥ വെളിപാടിലേക്കുള്ള ചൂണ്‌ടുപലകകള്‍ ആയിരുന്നു. ഇസ്രായേലിന്റെ ചരിത്രത്തിലെ ശക്തരായ പ്രവാചകരായ ഏലിയ, ജറമിയ, സ്‌നാവക യോഹന്നാന്‍ പ്രവാചകന്‍മാരില്‍ ഒരുവന്‍ എന്നൊക്കെ അവര്‍ പറഞ്ഞുനോക്കി. യഥാര്‍ത്ഥ വിശ്വാസത്തിന്റെ അവസ്ഥയിലേക്ക്‌ അവര്‍ എത്തിച്ചേര്‍ന്നില്ല. സംശയത്തിന്റെ നിഴല്‍ പറ്റിക്കൊണ്ട്‌ അവര്‍ ഈശോയ്‌ക്ക്‌ ചുറ്റു നിര്‍വചവങ്ങള്‍ തീര്‍ത്തു... സ്വന്തം ചിന്താരീതിയുടെ തടവറയില്‍ മറ്റുള്ള യാഥാര്‍ത്ഥ്യങ്ങളെ ഒതുക്കുക എന്ന ശൈലി ശിഷ്യന്‍മാരുടെ വാക്കുകളില്‍ നിറഞ്ഞുനിന്നു. "മിശിഹാരഹസ്യത്തില്‍നിന്ന്‌ ഒരു കാതം അകലെ" എന്ന മാനസിക ഭാവം അവര്‍ പുലര്‍ത്തി. ജനത്തിന്റെ വിശ്വാസം നിര്‍വചനങ്ങള്‍ക്കുള്ളില്‍, സാദൃശ്യങ്ങള്‍ക്കുള്ളില്‍ ഒതുക്കിയപ്പോള്‍ ഈശോ തന്റെ ശിഷ്യന്‍മാരോട്‌ ആരാഞ്ഞു... അപ്പോള്‍ ശിഷ്യസമൂഹത്തിന്റെ ഉത്തരം പത്രോസിലൂടെ വെളിവാക്കപ്പെട്ടു.

നീ ജീവനുള്ള ദൈവത്തിന്റ പുത്രനായ ക്രിസ്‌തുവാണ്‌.

മിശിഹായുടെ ദൈവത്വം പത്രോസ്‌ പ്രഖ്യാപിച്ചു. പുറപ്പാടില്‍ കൂടാരം പ്രതിഷ്‌ഠിക്കാന്‍ മോശയോട്‌ കല്‍പ്പിച്ച ദൈവം പറഞ്ഞു "അഹറോനെ നീ വിശുദ്ധ വസ്‌ത്രങ്ങള്‍ അണിയിക്കുകയും അഭിഷേകിച്ചു ശുദ്ധീകരിക്കുകയും വേണം". അങ്ങനെ അവന്‍ പുരോഹിത പദവിയില്‍ എന്നെ ശുശ്രൂഷിക്കട്ടെ (പുറപ്പാട്‌ 40:13-14). കൂടാരത്തിലെ ദൈവസമാഗമം അഹറോന്റെ പുരോഹിത ശുശ്രൂഷയിലൂടെ വെളിപ്പെടാന്‍ അവിടുന്ന്‌ ആഗ്രഹിച്ചു. ഭൂമി മുഴുവന്‍ ദൈവത്തിന്റെ മഹത്വം നിറഞ്ഞുനിന്നപ്പോള്‍, ഏശയ്യാ പ്രവാചകന്‍ തന്റെ ദൗത്യത്തെക്കുറിച്ച്‌ ബോധവാനായി (ഏശയ്യാ 6 :3-4 ). കേസറിയാഫിലിപ്പി വിശ്വാസപ്രഖ്യാപനത്തിന്റെ വേദിയായി മാറി. പത്രോസിലൂടെ ഈശോയുടെ ദൈവത്വം ശിഷ്യന്‍മാര്‍ക്ക്‌ വെളിപ്പെട്ടു. മത്തായി സുവിശേഷകനെ സംബന്ധിച്ചിടത്തോളം മിശിഹായുടെ ദൈവത്വം പ്രഖ്യാപിക്കുക എന്നത്‌ സഭയുടെ ദൗത്യത്തോട്‌ അഭേദ്യമാം വിധം ബന്ധപ്പെട്ടിരിക്കുന്നു. ഈശോ പത്രോസിന്‌ നല്‍കുന്ന മറുപടിയില്‍, ദൈവത്തിന്റെ വെളിപാടാണ്‌ പത്രോസിനെ ഈ പ്രഖ്യാപനത്തിന്‌ ഒരുക്കിയത്‌ എന്നു പറയുന്നു. മാംസരക്തങ്ങള്‍ മനുഷ്യരെ ഭൂമിയിലേക്ക്‌ നോക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍, ദൈവസഹായം പത്രോസിനെ വിശ്വാസത്തിന്റ ഉന്നത തലങ്ങളിലേയ്‌ക്ക്‌ ഉയിര്‍ത്തുന്നു.

ഇടപെടുന്ന ദൈവം

മോശയുടെയും, ഏശയ്യായുടെയും ജീവിതത്തിന്റെ നിര്‍ണ്ണായക നിമിഷങ്ങളില്‍ ദൈവം ഇടപെട്ടു. ഇവിടെ തന്റെ പുത്രന്റെ ദൈവത്വം പത്രോസിലൂടെ വെളിപ്പെടുത്താനും ദൈവം തിരുമനസ്സാകുന്നു. മാംസരക്തങ്ങള്‍ മനുഷ്യനെ ലൗകിക സുഖങ്ങളിലേയ്‌ക്ക്‌ നയിക്കുമ്പോള്‍ വിശ്വാസമാകുന്ന ദൈവിക ശക്തി യഥാര്‍ത്ഥ ലക്ഷ്യമായ ക്രിസ്‌തുവിലേയ്‌ക്ക്‌ മനുഷ്യനെ അടുപ്പിക്കുന്നു. നമ്മുടെ ജീവിതത്തിലും ഈ അനുഭവം ഉണ്‌ടാകണം. വിശ്വാസം ഏറ്റുപറയാന്‍ തയ്യാറാകണം. മാനുഷിക ബന്ധങ്ങളില്‍ വിശ്വാസം ആഘോഷിക്കാന്‍ തയ്യാറാകണം. കുടുംബബന്ധങ്ങള്‍ കേസറിയാഫിലിപ്പി അനുഭവത്തിലേയ്‌ക്ക്‌ രൂപാന്തരം പ്രാപിക്കുമ്പോള്‍ ദൗത്യവാഹകരായിരിക്കാന്‍ നമുക്ക്‌ കരുത്തു ലഭിക്കും. ശിഷ്യന്‍മാരുടെ വിശ്വാസം വായുവില്‍ വെറുതെ വീശുന്നതുപോലെ അല്ല എന്ന്‌ വെളിപ്പെടുന്നു. ക്രിസ്‌ത്യാനികളായ നമ്മെ സംബന്ധിച്ചിടത്തോളം നാം വിശ്വസിക്കുന്ന സഭയുടെ അടിസ്ഥാനത്തിലേയ്‌ക്ക്‌ വചനം നമ്മെ വഴി തെളിക്കുന്നു.

സഭാരഹസ്യത്തിലേയ്‌ക്ക്‌

ദൈവികരഹസ്യം (മിശിഹാരഹസ്യം) സഭാരഹസ്യത്തിലേയ്‌ക്ക്‌ വഴിതുറക്കുന്നു. ദൈവികവെളിപാടാകുന്ന വാതില്‍ തുറക്കാന്‍ അവിടുന്ന്‌ പത്രോസിനെ അനുഭവിക്കുന്നു. പത്രോസിന്‍മേല്‍ സഭ സ്ഥാപിക്കപ്പെടുന്നു. സ്വര്‍ഗ്ഗത്തിനും, ഭൂമിക്കുമിടയിലെ മിശിഹാരഹസ്യത്തിന്റ സൂക്ഷിപ്പുകാരിയായി സഭയെ അവിടുന്ന്‌ പടുത്തുയര്‍ത്തുന്നു. സഭാമക്കളായ നമ്മുടെ ജീവിതത്തിനു മുമ്പില്‍ ഈ വചനം ഒരു വെല്ലുവിളി ഉയര്‍ത്തുന്നു. ആദ്യഭാഗത്ത്‌ നാം ഈശോയെക്കുറിച്ച്‌ ജനത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ കേട്ടു. അവയെല്ലാം ദിവ്യരക്ഷകനില്‍ നിന്ന്‌ അകലെയായിരുന്നു. പക്ഷെ പത്രോസ്‌ മാനുഷിക രീതി വിട്ട്‌, ലൗകിക മേഖലകളില്‍ നിന്നുയര്‍ന്നപ്പോള്‍ ദൈവത്തെ തൊടാന്‍ കഴിഞ്ഞു. സിംഹാസനസ്ഥനായിരിക്കുന്ന ദൈവത്തിന്റെ മുമ്പില്‍ ഏശയ്യ പ്രവാചകന്‍ തന്റെ അയോഗ്യത (പാപകരമായ മനുഷ്യപ്രകൃതി) മാറ്റിവെച്ചപ്പോള്‍ ദൗത്യത്തിന്റെ വിളക്കുകള്‍ തെളിഞ്ഞു. സഭയാകുന്ന മഹാതരുവിന്റെ ശാഖകള്‍ എന്ന നിലയില്‍, തായ്‌ത്തടിയോട്‌ ചേര്‍ന്നു നില്‍ക്കാന്‍ ഈ വചനം നമ്മോട്‌ ആവശ്യപ്പെടുന്നു. വിശ്വാസത്തിന്റെ നേര്‍രേഖയിലൂടെയാണ്‌ ഞാന്‍ ചരിക്കേണ്‌ടതെങ്കില്‍ എനിക്കു മുന്നില്‍ തെളിയേണ്‌ട കെടാവിളക്ക്‌ സഭയാണ്‌.

കേസറിയഫിലിപ്പിയിലെ അനുഭവം ദൈവം എന്റെ മുമ്പിലും അവതരിപ്പിക്കാറുണ്‌ട്‌. ഇവിടെ വിശ്വാസം ചലനാത്മകമാണ്‌. തത്വങ്ങളുടെ കാണാപാഠമല്ല, ജീവിതത്തിന്റെ ആഘോഷതിമിര്‍പ്പല്ല, ഒരു വ്യക്തിക്ക്‌ ദൈവം നല്‌കിയ വെളിപാടാണ്‌. അവിടെ അവതരിക്കപ്പെട്ടതോ, ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്‌തു. ദൈവികവെളിപാട്‌ മനുഷ്യന്റെ ചിന്തകളോട്‌ ഒത്തുചേര്‍ന്നപ്പോള്‍ വിശ്വാസരഹസ്യം മിഴിതുറന്നു. വിശ്വാസത്തിന്റെ രഹസ്യങ്ങള്‍ ചുരുളഴിയപ്പെടേണ്‌ടത്‌ നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തില്‍ ആണ്‌. ജീവിതത്തിലെ ഓരോ അവസ്ഥയിലും - വെറും മാംസരക്തങ്ങളില്‍ മാത്രം എന്റെ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ - എനിക്ക്‌ ഈശോയുടെ ദൈവത്വത്തിലേക്ക്‌ എത്താനാവില്ല എന്നു ഞാന്‍ നമസ്സിലാക്കണം.... പിന്നെയോ എന്റെ കര്‍മ്മരംഗങ്ങളില്‍ വിശ്വാസത്തിന്റെ നേത്രങ്ങള്‍ ഉപയോഗിച്ച്‌, ഞാന്‍ സജീവമായി ഇടപെടണം. അയോഗ്യത തിരിച്ചറിഞ്ഞ ഏശയ്യാ പുതിയ ദൗത്യത്തിന്‌ തയ്യാറെടുത്തു. ജീവിതത്തിന്റെ എല്ലാ പ്രതിസന്ധികളെയും, കഷ്ടപ്പാടുകളേയും, ദു:ഖദുരിതങ്ങളേയും, വിശ്വാസത്തിന്റെ സജീവതകൊണ്ട്‌ നേരിടാമെന്ന്‌ നമുക്ക്‌ തീര്‍ച്ചയാണ്‌. മാംസരക്തങ്ങളിലേക്ക്‌... എന്നെ മാത്രം ആശ്രയിക്കുന്ന ഉദ്യമങ്ങളിലേക്ക്‌ ഞാന്‍ തിരിച്ചുപോയാല്‍, കേസറിയഫിലിപ്പി അശുഭവപരമ്പരകളില്‍ എനിക്ക്‌ ഉത്തരം മുട്ടിപ്പോകും.

സ്വര്‍ഗരാജ്യത്തിന്റെ താക്കോല്‍

ദൈവിക വെളിപാടുകളോട്‌ സഹകരിച്ച, ഉപകരണമായി മാറിയ പത്രോസിന്‌്‌്‌ ഈശോ കൊടുത്ത സമ്മാനമാണ്‌ സ്വര്‍ഗരാജ്യത്തിന്റെ താക്കോല്‍. വി. അംബ്രോസ്‌്‌്‌ പറയുന്നു. "എവിടെ ഈശോമിശിഹാ ഉണ്‌്‌്‌ടോ, അവിടെ സ്വര്‍ഗരാജ്യം ഉണ്‌്‌്‌ട്‌്‌്‌. അങ്ങനെയാണെങ്കില്‍ ഈശോയിലേയ്‌ക്കുള്ള വാതില്‍ പത്രോസ്‌ാണ്‌്‌്‌... പത്രോസില്‍ പണിയപ്പെട്ടിരിക്കുന്ന സഭയ്‌്‌ക്കാണ്‌, എത്രയെല്ലാം അനുഭവങ്ങള്‍ കൊച്ചുകൊച്ചു പെന്തക്കോസ്‌്‌്‌തന്‍ വിഭാഗങ്ങള്‍ മുന്നോട്ട്‌്‌്‌ വച്ചാലും അവര്‍ക്കാര്‍ക്കും അവകാശപ്പെടാന്‍ ഇല്ലാത്ത ദിവ്യാധികാരം. പത്രോസിന്റെ പിന്‍ഗാമികളായ മാര്‍പ്പാപ്പമാരും അവരോടൊപ്പം മെത്രാന്‍മാരും വൈദികരും ഈ ശുശ്രൂഷയില്‍ പങ്കുപററുന്നു. മാതാപിതാക്കന്‍മാരും ഈ ദൗത്യത്തില്‍ സഹകാരികളാകുന്നു. ഓരോ ഭവനത്തിന്റെയും ഈശോയിലേക്കുള്ള വാതില്‍ മാതാപിതാക്കന്‍മാരാണ്‌. വിശ്വാസധാര്‍മിക കാര്യങ്ങളില്‍ സഭ പഠിപ്പിക്കുന്ന കാര്യങ്ങളായിരിക്കണം അവര്‍ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കേണ്‌്‌്‌ടത്‌്‌. നാശകീയ ശക്തികള്‍ ജനകീയ വിപ്ലവശൈലികള്‍ സംഭാവന ചെയ്യുമ്പോള്‍, അവ രണ്‌്‌്‌ടുകൈയും നീട്ടി സ്വീകരിച്ചാല്‍ ഈശോയിലേക്കുള്ള വാതില്‍ നാം തന്നെ കൊട്ടിയടക്കുകയായിരിക്കും.... കര്‍ത്താവിന്റെ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നിരുന്നു (പുറപ്പാട്‌ 40 : 36). കര്‍ത്താവിന്റെ മഹത്വം നിറഞ്ഞുനില്‍ക്കുന്ന സന്നിധാനമാണ്‌ പരിശുദ്ധ സഭ. അതിനാല്‍ സഭയോട്‌ നമുക്ക്‌്‌്‌ ചേര്‍ന്നുനില്‍ക്കാം.

സ്വര്‍ഗത്തിന്റെയും, ഭൂമിയുടെയും ക്‌ാര്യസ്ഥന്‍മാര്‍... വിശ്വാസികള്‍

സജീവ വിശ്വാസം സ്വീകരിച്ച പത്രോസിന്‌ വീണ്‌്‌്‌ടും അധികാരങ്ങള്‍ നല്‍കപ്പെടുകയാണ്‌. മനുഷ്യാവതാരത്തിലൂടെ സ്വര്‍ഗത്തേയും ഭൂമിയേയും ദൈവപുത്രന്‍ സംയോജിപ്പിച്ചു. അപ്പോള്‍ പത്രോസിന്‌ ലഭിച്ച അധികാരം മിശിഹാരഹസ്യങ്ങളും കാര്യസ്ഥാവകാശമാണ്‌. കൂദാശകളാണ്‌ മിശിഹാരഹസ്യങ്ങള്‍. തിരുസഭയുടെ പാപമോചന അധികാരത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി ഈ പാഠം നമ്മുടെ മുമ്പില്‍ നില്‍ക്കുന്നു. അന്ത്യവിധി നിശ്ചയിക്കപ്പെടുന്നത്‌ ദൈവപുത്രന്‍ സ്ഥാപിച്ച രക്ഷാകര രഹസ്യങ്ങളോടുള്ള നമ്മുടെ സമീപനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. കൂദാശകള്‍ വിധി നിര്‍ണ്ണയിക്കുന്നു. കൂദാശകള്‍ പരികര്‍മ്മം ചെയ്യപ്പെടുന്നത്‌ സഭയുടെ അധികാരികളിലൂടെ. തിരുസഭ മിശിഹാരഹസ്യങ്ങളില്‍ അധിഷ്‌ഠിതമാണ്‌. കൂദാശകള്‍ നമ്മെ ദൈവീകജീവനിലേക്ക്‌ നയിക്കുന്നു. ജീവിക്കുന്ന ദൈവപുത്രനെ നാം കൂദാശകളിലൂടെ തിരിച്ചറിയുന്നു. ഓരോ കൂദാശകളും കേസറിയാഫിലിപ്പി അനുഭവം നമ്മുടെ മുമ്പില്‍ വയ്‌ക്കുന്നു. ഒപ്പം നമ്മെ പിടിച്ചുയര്‍ത്തുന്ന ചോദ്യങ്ങള്‍... ഞാന്‍ ആരെന്നാണ്‌ നിങ്ങള്‍ പറയുന്നത്‌... അവിടെ നമുക്ക്‌ ഉത്തരം നല്‌കാം... പത്രോസിനെപ്പോലെ ജ്വലിക്കുന്ന വിശ്വാസത്തിന്റെ ഉടമകളാകാം... സഭയോട്‌ ചേര്‍ന്ന്‌ നില്‌ക്കാം. വിശുദ്ധീകരിക്കപ്പെടുന്ന സഭയുടെ സജീവ അംഗങ്ങളാകാം...


തയാറാക്കിയത്‌
റവ. മാത്യു ആനകുത്തിയില്‍്‌
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.

Download 

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home